His Excellency, Mr. Pranab Mukherjee
President of India
Rashtrapati Bhavan
New Delhi – 110 004
India
Fax : 91-11-23017290 / 91-11-23017824
Date:15-aug-2014
ബഹുമാനപ്പെട്ട രാഷ്ട്രപതി,
ഈ കത്ത് വായിക്കുവാനായി
മാറ്റിവെച്ച അങ്ങയുടെ വിലപ്പെട്ട സമയത്തിനു നന്ദി.
67 വയസ്സുള്ള ഒരു വൃദ്ധയാണ്
ഞാൻ. വേണ്ടുവോളം സാമ്പത്തികവും ആരോഗ്യ സമ്പത്തും ഉണ്ടായിരുന്ന ഒരു വനിത, എന്നാൽ ഇന്നെന്റെ
സ്ഥിതി വളരെ മോശമാണ് , എന്റെ മക്കളെ എങ്ങനെ
പരിപാലിക്കണം എന്ന് മാത്രമാണ് എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത്. എന്നെ അവരുടെ
കൈകളിൽ സുരക്ഷിതമായി എല്പ്പിക്കുകയും ചെയ്തു, എന്നാൽ അതിനുശേഷം അദ്ദേഹത്തിനു അധിക
നാൾ ഉണ്ടായിരുന്നില്ല. പിന്നീടുള്ള എന്റെ
ഓരോ ശ്വാസവും ഞാൻ അവർക്കു വേണ്ടിയാണ് ജീവിച്ചത്.അവരുടെ ഓരോ തുള്ളി വളർച്ചയും കണ്ടു
അത്ഭുതപ്പെട്ടുകൊണ്ടും സന്തോഷിച്ചുകൊണ്ടും ദുർവ്വഴിക്കു വിടാതെ താലോലിച്ചും ഓമനിച്ചും, വാശി പിടിക്കുമ്പോൾ വേണ്ടതെല്ലാം നല്കി, ഉള്ളം കയ്യിൽ പൊതിഞ്ഞാണ് ഞാൻ അവരെ വളർത്തിയത്. ഞാൻ
അവർക്കു വിദ്യാഭ്യാസം കൊടുത്തു , ആയുസ്സിലെക്കുള്ള
സമ്പത്തും ,ഒപ്പം നല്ല സംസ്കാരവും.എന്നാൽ
യൗവ്വനം മാറി വളർന്നപ്പോൾ അവരുടെ പരിഷ്ക്കാരവും മാറി,ഞാൻ വളർന്ന രീതിയോടും അവരെ വളർത്തിയ രീതികളോടും അവർക്കു വിദ്വേഷം വന്നു
തുടങ്ങി.ഞാൻ വാരി കൊടുത്ത കഞ്ഞിയും കപ്പയും അവർക്കു വിരക്തിയായി.
ഭക്ഷണസുഖവും ജീവിത സുഖവും
തേടി പോകുന്നതിനിടയിൽ അവർ എന്നെ മറന്നു, ലഹരി ഉപയോഗവും
വല്ലാതെ കൂടി. പ്രായം ചെന്നപ്പോൾ എല്ലാ അമ്മമാരെയും പോലെ എനിക്കും അവരുടെ തണലിൽ
കഴിയേണ്ടി വന്നു. എന്നാൽ അവരുടെ പരിഷ്ക്കാര നേട്ടങ്ങളും, അതിനോട് ചേർന്ന ഭക്ഷണ ശൈലികലോടും എനിക്ക് ഒത്തു പോകുവാൻ കഴിഞ്ഞില്ല. അന്ന്
തുടങ്ങിയതാണെന്റെ കയ്പ്പേറിയ നാളുകൾ. വിശപ്പു കൊണ്ടും അതിജീവനത്തിനു വേണ്ടിയും
എനിക്ക് അവരുടെ രീതിയോട് പോരുത്തപ്പെട്ടതായി ഭാവിക്കേണ്ടി വന്നു . ഒരു അടിമയെ പോലെ
ഞാൻ നാളുകൾ കഴിച്ചു കൂട്ടി, ഒരിക്കൽ ഭൂസ്വത്തിന്റെ
പേരിൽ മക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. അങ്ങാടിയിൽ തോറ്റ എന്റെ മകൻ ഒരു
ലോഹം കൊണ്ട് എന്റെ തലക്കടിച്ചു വീഴ്ത്തി, വർഷങ്ങളായി, ഇന്നും ആ മുറിവ് എന്നെ ഉണങ്ങാതെ വേദനിപ്പിക്കുന്നു
. മരണത്തെ ഞാൻ ആഗ്രഹിക്കാൻ തുടങ്ങി
എന്നാൽ രോഗശയ്യയിൽ
കിടക്കുന്ന എന്നെ എന്റെ പിറന്നാളിനു, പേരിനു വേണ്ടി
മാത്രം എന്റെ മക്കൾ എന്നെ പരിചരിച്ചു , പല തരം മരുന്നുകൾ
കഴിപ്പിച്ചും കുത്തി വെച്ചും എന്റെ ജീവനിൽ അവർ എന്നെ കുത്തി നോവിച്ചു . എന്നിട്ടും
എന്റെ തല ഇന്നും മുറിവ് ഉണങ്ങാതെ വ്രണം ആയിരിക്കുന്നു. എന്നാൽ കഴിച്ചു കൂട്ടിയ വിദേശ മരുന്നുകളും
പാനീയങ്ങളും എനിക്ക് തന്നത് ഞാനിതുവരെ കേൾക്കാത്ത ഒരു സമ്മാനമാണ് അര്ബുദം...,
അങ്ങനെ ഞാനിന്നൊരു അർബുദ രോഗിയുമായി. വർഷങ്ങളായി ഞാൻ ഈ
രോഗശയ്യയിൽ കിടക്കുന്നു. എവിടെ നിന്നോ കിട്ടിയ ഒരു അജ്ഞാത ശക്തിയാണ് ഈ കത്തെഴുതുവാൻ പോലും എന്നെ
സാധിപ്പിക്കുന്നത്. രോഗങ്ങളും തലയിലെ അടങ്ങാത്ത വേദനയും എനിക്ക് സഹിക്കാം, എന്നാൽ എന്റെ മാനസികാവസ്ഥയും ഇപ്പോൾ ചൂഷണം ചെയ്തിരിക്കുന്നു , ഒരിക്കൽ മദ്യപിച്ചു വന്ന എന്റെ മകൻ അവന്റെ ജ്യേഷ്ഠനെ കൊന്നു
, അതിനു ഞാൻ സാക്ഷിയായി . കാമഭ്രാന്തും പേറി വന്ന
ഇളയ മകൻ അവന്റെ സഹോദരിയെ നിഷ്ക്കരുണം
ബലാല്സംഗം ചെയ്യ്തതും കിടക്കയിൽ കിടന്നു നിസ്സഹായയായി കാണേണ്ടി വന്നു. ഒരു
സ്ത്രീക്കും ഇങ്ങനെ ഒരു ഗതി വരുത്തരുതേ എന്ന് പ്രാർത്ഥന മാത്രമേ എനിക്ക് ഇന്നുള്ളൂ
.
എന്റെ ആദ്യ മകനല്ലയോ
അങ്ങ് ?ഇത് എന്റെ ദയാവധത്തിനുള്ള അപേക്ഷയായി പരിഗണിച്ചു കൊണ്ട് എന്നെ ദയാവധത്തിനു വിധിക്കുക ,
രക്ഷിക്കുക.
എന്ന് വിശ്വസ്തതയോടെ,
അമ്മ
ഭാരതം
ഒപ്പ്:
வந்தே மாதர
gr8 one
ReplyDelete