Skip to main content

രംഗപ്രവേശനം

                                                              


ഇത് ഒരു അനുഭവ കഥയല്ല. പക്ഷെ ഇത് അങ്ങനെ ആകുവാൻ ഞാൻ ആഗ്രഹിക്കുന്നു.

 മുഷിഞ്ഞ ജുബ്ബയും, അവിടെയും ഇവിടെയുമൊക്കെ തുള വീണ ജീന്സും, ഷേവ് ചെയ്യാതെ മുടിയോതുക്കാതെ നെഞ്ചിലൊരു പേനയും കൊളുത്തി, ഒരു intellectual പ്രകൃതത്തോടും, എപ്പോഴും എല്ലാത്തിനോടും ഒരു പുച്ഛവും, വിമർശന മനോഭാവതോടുകൂടിയും approach ചെയ്യുന്ന ഒരു കൂട്ടം സാഹിത്യ കർഷകരിലെ അംഗമാണ് ഞാൻ. ഹൃസ്വചലച്ചിത്രങ്ങൾ നാട് ഭരിക്കുന്ന കാലം, സംവിധയകന്മാരെയും ഛായാഗ്രഹകന്മാരെയും തട്ടിയും മുട്ടിയും നീങ്ങാൻ വയ്യ, എങ്കിലും കണ്ണിനു പിടിക്കുന്ന ഒരു ചലച്ചിത്രം പോലും കലാനിരത്തിലില്ല,അതുകൊണ്ടാണ് ഞങ്ങൾ തന്നെ ഈ പരിപാടിക്ക് ഇറങ്ങി തിരിക്കാൻ തയ്യാറെടുത്തത്, സമയം ആവശ്യതിനുണ്ടയിട്ടല്ല ഒരു സൽകർമ്മം അത്രെയേ ഉദ്ദേശിച്ചിട്ടുള്ളൂ,ആത്മപ്രശംസയല്ല, അത് ആത്മയത്യയെക്കാൾ പരിതാപകരമാണെന്ന് ഞങ്ങൾ തന്നെ പല ആവർത്തി എഴുതിയിട്ടുണ്ട്.ഇത് സത്യം...

ഒരിക്കൽ ഒരു തിരക്കഥയുടെ തീവണ്ടിക്കു മുന്നിൽ ഞാൻ തല വെച്ചു കൊടുത്തു. എല്ലാ എഴുത്തുകാരെയും പോലെ എനിക്കും ഞാൻ കുത്തി മുളപ്പിച്ച നാമ്പിന്റെ സൗന്ദര്യം വളരെയേറെ ബോധിച്ചു.പിന്നീടുണ്ടായിരുന്നത് അഭിമാനഘോഷങ്ങളുടെ നാളുകൾ...തല്ക്കാലം സംവിധായകനോട് പോലും  എന്റെ കുഞ്ഞിത്തൈ പങ്കു വെക്കാൻ എനിക്ക് ഉദ്ദേശ്യം ഇല്ലായിരുന്നു.  നാളെ അതിൽ നിറയാൻ പോകുന്ന ഫലങ്ങളുടെ അവകാശം ആർക്കും കിട്ടരുത് എന്ന് എനിക്ക് നിർബന്ധമായിരുന്നു. അതുകൊണ്ട് ഞാൻ അതിനെ വളരെ രഹസ്യമായി വളർത്തി... എന്നാൽ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ കഥക്ക് എവിടെയോ ഒരു പകിട്ടില്ലെന്നു തോന്നി തുടങ്ങി എന്തോ ഒരു പോരായ്മ പോലെ... അപൂർവമായ ബോധോദയമാണ്, എനിക്കിന്ന് വരെ തോന്നിയിട്ടില്ലാത്ത ഒരു തരം മുഷിപ്പ്, അതുകൊണ്ട് തന്നെ അതെന്നെ വെട്ടയടിക്കൊണ്ടിരുന്നു,ആദ്യമൊക്കെ ചെറുത്തു നോക്കി നടക്കുന്നില്ല, പിന്നീട് പൊംവഴിക്കയി പഠിച്ച പണി പത്തൊമ്പതും നോക്കി,  നടക്കുന്നില്ല,  കഥ പങ്കു വെച്ചാലോ എന്ന് വരെ ആലോചിച്ചു പോയി..! ഒടുവിൽ കയ്പുള്ള ആ യാഥാര്‍ത്ഥ്യത്തെ ഞാൻ സ്വീകരിച്ചു, ശങ്കരനോട് പറയാം… എങ്ങനെയോ മനസ്സുറച്ചു... എൻഡോസൾഫാൻ ഉപയോഗിക്കുന്ന മറ്റു കർഷകരെ കുറ്റം പറയാൻ എന്റെ മനസ്സനുവധിക്കുന്നില്ല . നില്ക്കക്കള്ളി ഇല്ലാതെ വന്നതുകൊണ്ടാണല്ലോ  ഞാനും അത് ചെയ്യാൻ തീരുമാനിച്ചത്...
സമയം രാത്രി 11.00 .ഹോസ്റ്റൽ മുറി. പാടത്തെ ആയാസത്തിന്റെ പിരിമുറുക്കത്തിൽ എല്ലാവരും ഉറങ്ങി. ഞാനും ശങ്കരനും അന്താരാഷ്‌ട്ര നയതന്ത്രങ്ങളിലെ കള പറിക്കുകയാണ്. പരസ്പരമുള്ള ഒലിശരങ്ങൽക്കിടെ ഞാൻ മനപ്പൂർവമുണ്ടാക്കിയ വിടവിൽ ഞാൻ എന്റെ കഥക്കു വേണ്ടിയുള്ള മുഖവുരയിട്ടു. കഥ എന്ന് കേട്ടപ്പോൾ ശങ്കരൻ പ്രസന്ന വദനനായി, വിമർശിക്കാനുള്ള കലപ്പ ഏന്തി തയ്യാറെടുത്തു. കുഞ്ഞിത്തൈയുടെ ഓരോ തളിരിലകളും ഞാൻ ശങ്കരനു കാട്ടി കൊടുത്തു..ഓരോ രംഗങ്ങളും അതിന്റെതായ പ്രാധാന്യത്തോട് കൂടി ഞാൻ വിവരിച്ചു കൊടുത്തു.എല്ലാം കഴിഞ്ഞു പ്രധാന കാര്യത്തിലേക്ക് കടക്കുന്നതിനു മുന്പേ ശങ്കരൻ  കലപ്പ ചേർത്തു.
           : "കുഴപ്പമില്ല,പക്ഷെ വില്ലന്റെ രംഗപ്രവേശനം പോരാ .. അത് ശരിയായില്ല..." 
കുറെ നേരം ആ സംഭാഷണം നീണ്ടു നിന്നു, ശങ്കരൻ പറഞ്ഞത് ശരിയാണ്, വില്ലന്റെ രംഗപ്രവേശനം പോര, അത് മാറ്റാനായി  അടുത്ത സംസാരം, പറഞ്ഞു  പറഞ്ഞു   സത്യജിത്ത് റായിയിൽ തുടങ്ങി സ്പാനിഷ്‌ ചലച്ചിത്രങ്ങൾ വഴി  സ്ക്ലാണ്ടാനോവ്സ്കി സഹോദരന്മാർ വരെ എത്തി കാര്യങ്ങൾ ..

ഹൃസ്വചിത്രത്തിന്റെ ഭംഗി വർധിപ്പിക്കാൻ ഷൂട്ടിംഗ് പാലക്കാട്ടേക്ക് മാറ്റാനായി ഞങ്ങളുടെ പദ്ധതി, ഹരിത ഭംഗിയേറിയ സ്ഥലങ്ങളും ഷൂട്ടിങ്ങിനുള്ള അനുമതിയും അയാൾ വാഗ്ദ്ധാനം ചെയ്തു... ശങ്കരന്റെ നാടും വീടുമൊക്കെ അവിടെയാണ്... അങ്ങനെ മൂന്നു ദിവസങ്ങൾക്കു ശേഷം കടലാസുകളും ജുബ്ബകളും ചുരുട്ടി കേറ്റി ഞാൻ അയാളോടൊപ്പം അയാളുടെ നാട്ടിലേക്ക് പുറപ്പെട്ടു... ബസ്സിലായിരുന്നു യാത്ര ഏറെ വൈകിയാണ് അയാളുടെ മനയിലെത്തിയത് രാത്രിയുടെ അവ്യക്തതയിലും പാലക്കാടു അതിന്റെ മനോഹര്യതയും സംസ്കൃതിയും ഉയർത്തി കാട്ടി, അതിമനോഹരമായ സ്ഥലം..പടിപ്പുര താണ്ടി മനയിലേക്ക് അടുത്തപ്പോഴാണ്  മനസ്സിലായത് നല്ല പരിചയമുള്ള മാളിക മൂന്നു നിലകളിലായി ഏതോ മഹാൻ പണിതുയർത്തിയ മന,  ഒരുപാട് സിനിമകളുടെ ക്യാമറ, കണ്ണിൽ പതിപ്പിച്ചു നമുക്ക് മുൻപിൽ നീട്ടി തന്നിട്ടുണ്ട് ഈ മനയെ...പുറത്തൊരു വിളക്കു മിന്നുന്നു കോലായിൽ
അമ്മ വന്നു വരവേറ്റു 
ഉറങ്ങിയിരുന്നോ ?? ഞാൻ ചോദിച്ചു. 
ഏയ് ഇല്ല്യ പതിവു സംയായിട്ടില്ല്യ. അമ്മ പറഞ്ഞു. 
പറ്റാച്ച ന്നു കുളിച്ചിട്ടു വർണ്ണോ ??  
ഏയ് ഇല്ല ഞാനും ശങ്കരനും ഒരേ സ്വരത്തിൽ പറഞ്ഞു. 
അമ്മ ഭക്ഷണം വിളമ്പി. ചൂട് ആറിയെങ്കിലും നല്ല സ്വാദുള്ള ഭക്ഷണം, അമ്മ കോളേജിനെ പറ്റിയും പഠിത്തത്തെ പറ്റിയും എന്തൊക്കെയോ ചോദിച്ചു, ആ വള്ളുവനാടൻ മലയാളവും ഭക്ഷണവും ആസ്വദിക്കുന്നതിനിടയിൽ ഞാൻ അർഥം ശ്രദ്ധിക്കാൻ വിട്ടു പോയി... അവസാന ഉരുള ചോറിനായി പടവേട്ടിക്കൊണ്ടിരുന്ന എന്നോട് അമ്മ ചോദിച്ചു ...
കുറച്ചു ചോറ് കൂ..... അച്ചനെവ്ടെ അമ്മെ  ശങ്കരൻ ഇടയ്ക്കു വന്നു ??
അവിടെ ഉമ്മറത്തു......അമ്മ പറഞ്ഞു.
വിളമ്പിക്കോളൂ എന്ന് കൈ കൊണ്ട് ആംഗ്യം കാട്ടാൻ തുനിഞ്ഞ ഞാൻ അതേ കൈ കൊണ്ട് കുറച്ചു വെള്ളം കുടിച്ച് സംഗതി അവസാനിപ്പിച്ചു. 

അടുത്ത രംഗം അച്ഛനോടൊപ്പം... അധികം  സംസാരിക്കുന്ന പ്രകൃതം. പേരെടുത്ത കവികളും കഥകൃത്തുകളുടെയും സംഭാഷണ ശൈലി, അതാണ് ഭട്ടതിരിപ്പാട് പേരെനിക്ക് ഇപ്പോഴും അറിയില്ല എന്തായാലും കണ്ടിട്ട് ഒരു ബുദ്ധി ജീവി ലുക്ക്‌ ഒക്കെ ഉണ്ട്. സ്വാഭാവികമായും  എന്റെ മനസ്സിൽ ഒരു പതിവ് പുച്ഛം ഉടലെടുത്തു.
ശങ്കരൻ കാര്യങ്ങളൊക്കെ പറഞ്ഞു എന്ന് എനിക്ക് മനസ്സിലായി. കാരണം തിരക്കഥയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടാണ് അദ്ദേഹം സംഭാഷണം തുടങ്ങിയത്. അദ്ദേഹത്തിനരികിൽ ഒരുപാടു പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു. പേനയും എഴുത്ത് സാമഗ്രികളും, പിന്നെ കടലാസിലാക്കി ചുരുട്ടി കൊലപ്പെടുത്തിയിട്ടിരിക്കുന്ന തൂലികാപുത്രന്മാരെയും കാണാം. അപ്പോഴേക്കും എനിക്ക് ഒരു call  വന്നു വീട്ടിൽനിന്നാണ് ശങ്കരന്റെ വീടെത്തിയോ എന്നറിയാനുള്ള മാതൃശ്രമം, കാര്യം പറഞ്ഞു ഫോണ്‍ വെച്ചു....
അപ്പോഴേക്കും അദ്ദേഹം എന്നോട് ചോദിച്ചു
"എത്ര കൊടുത്തു ആ ഫോണിനു??" പൊങ്ങച്ചം പറയുന്നത് ഔട്ട്‌ ഓഫ് ഫാഷൻ ആയതുകൊണ്ട് മാത്രം ഞാൻ അറിയില്ലെന്ന് പറഞ്ഞു തടി തപ്പി.
"ഇത്ര വല്ല്യ വിലകൂടിയ ഫോണൊക്കെ എന്തിനാ വാങ്ങണേ?? ഒന്ന് താഴെ വീണാൽ കഴിഞ്ഞില്ല്യേ". ഞാൻ തലയാട്ടി പ്രതികരിച്ചു.
പക്ഷെ വിട്ടു കൊടുക്കാൻ പാടില്ലല്ലോ? കർഷകശ്രീയുടെ നാവിനു വിലങ്ങിടാനോ?? നടപ്പുള്ള കാര്യല്ല.ഞാൻ എന്തൊക്കെയോ പറഞ്ഞു. ഉത്തരം അർഹിക്കുന്നതിനു മാത്രം അദ്ദേഹം മറുപടിയും തന്നു.
ശങ്കരൻ പറഞ്ഞു generation gap  ആണ് അച്ഛാ ഇപ്പോഴത്തെ കുട്ടികൾടെ കളിപ്പാട്ടമാണ് ഈ വക സാധനം..
അദ്ദേഹം തന്റെ മുന്നിൽ തുറന്നു വെച്ചിരുന്ന പുസ്തകം മടക്കി.., എന്നിട്ട് ചോദിച്ചു "നിങ്ങള്ക്ക് ഉറക്കം വരുന്നില്ലേ മക്കളെ??"
 ശങ്കരൻ എന്നെ നോക്കി, ഞാൻ കവിൾ ചുളുക്കി കാണിച്ചു.
അപ്പോൾ ശങ്കരൻ പറഞ്ഞു "ഇല്ല അച്ഛാ"
അദ്ദേഹം ഇരുന്ന കസേരയിൽ മുറുക്കെ പുറം ചാരി എന്നിട്ട് നെടുവീർപ്പിട്ടുകൊണ്ട് ചോദിച്ചു "ഇതാണോ കളിപ്പാട്ടം ??"
പ്രായമായവരുടെ സ്ഥിരം ജല്പ്പനങ്ങളുടെ സൂചന എനിക്ക് കിട്ടിത്തുടങ്ങി, അപ്പോൾ തന്നെ എന്റെ ശ്രദ്ധയെ ഞാൻ വിട്ടു നിർത്തി.
കുറച്ചു നേരം ഞാൻ എന്തൊക്കെയോ ആലോചിച്ചിരുന്നു പോയി നായകന്റെ രംഗപ്രവേശനം ഇത് മതിയോ ?? വില്ലന്റെ രംഗപ്രവേശനം എങ്ങനെ തിരുത്താം അങ്ങനെ ഉത്തരം മുട്ടുന്ന നൂറായിരം ചോദ്യങ്ങൾക്കിടയിലൂടെ ഞാൻ സഞ്ചരിച്ചു.പുറകിൽ താരാട്ട് പോലെ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാം എന്തോ പറയുകയാണ്.ഉപദേശമാവും..!
അല്ല ഞാൻ ശ്രദ്ധ കൊടുത്തു. കഥയാണ്... ശങ്കരൻ നന്നേ ശ്രദ്ധിച്ചിരിക്കുന്നു... ഇനി മുതലുള്ളത് ശ്രദ്ധിക്കാൻ ഞാനും തീരുമാനിച്ചു. അദ്ദേഹം തുടർന്നു....
"ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ടിലാണ് സംഭവം " ഞാൻ ക്യാമറ ബ്ലാക്ക് ആൻഡ്‌ വൈറ്റ് മോഡിലാക്കി, അദ്ദേഹം തുടർന്നു...
അമ്മാവന്റെ കൈയും കാലും പിടിച്ചാലേ അന്നൊക്കെ ഒന്ന് പുറത്ത് തന്നെ കൊണ്ടുപോകൂ. ഞാൻ അന്ന് എങ്ങനെ ഒക്കെയോ കരഞ്ഞു ബഹളം വച്ചിട്ടാണ് എന്നെ അമ്മാവൻ പൂരത്തിന് കൊണ്ടുപോയത്... നല്ല രസമായിരുന്നു അന്ന് ഇന്നത്തെ പോലെ അടിയും ബഹളവും ഒന്നുമില്ല... ഉണങ്ങിയ പുല്ലു വിരിച്ചിട്ട നനവുള്ള വലിയ മൈതാനം ,കോളാമ്പിയിലൂടെ ദൂരെ നാടക ഗാനം കേൾക്കുന്നുണ്ടായിരുന്നു. പീപീകളുടെ ശബ്ദവും, കുട്ടികളുടെ കരച്ചിലും.... കപ്പലണ്ടി വില്പ്പനക്കാരും, കാറ്റാടി കച്ചവടക്കാരും... കുട്ടികൾ അടുത്തുകൂടി പോകുമ്പോൾ അവർ അത് ഉയർത്തി കാട്ടും. കുട്ടികൾ അതിൽ വീഴുകയും ചെയ്യും. എനിക്ക് അന്ന് നാലു വയസ്സാണ്. ഞാനും അതിൽ വീണു പിന്നീടു അതിലൊന്ന് സ്വന്തമാക്കാനായി ശ്രമം,കെഞ്ചലായിരുന്നു ആദ്യ പടി.... അതിൽ രക്ഷയില്ലെന്നായപ്പോൾ കരച്ചിലായി അടുത്ത നടപടി.
അമ്മാവൻ ലവലേശം പ്രാധാന്യം കൽപ്പിച്ചില്ല ഞാൻ കരഞ്ഞു കൊണ്ടേ ഇരുന്നു... അങ്ങനെ കരഞ്ഞു കരഞ്ഞു തളരാറയി, അപ്പോഴും അമ്മാവന ചെവിക്കൊണ്ടില്ല. അപ്പോൾ അതാ മുൻപിൽ ഒരു കുട്ടിയുടെ കയ്യിൽ ബലൂണ്‍, സഹിച്ചില്ല പിന്നേം കരയാൻ തുടങ്ങി. അപ്പോഴതാ അമ്മാവൻ ദേഷ്യം കൊണ്ടാണോ എന്തോ അറിയില്ല എന്റെ കൈയിൽ മുറുക്കെ പിടിച്ചുയർത്തി, വലിച്ചിഴച്ചു കൊണ്ട് മൈതാനത്തിന്റെ ഒരു ഒഴിഞ്ഞ കോണിലേക്ക് പോയി. അവിടെ ഇവിടെ ആയി ഒന്നുരണ്ടാളുകൾ കിടക്കുന്നുണ്ട് , കരഞ്ഞു ക്ഷീണിച്ചു വാടിയ ഞാൻ അമ്മാവന്റെ വിരലിൻ തുമ്പത് തൂങ്ങി നടന്നു. അപ്പോഴതാ ദൂരെ കാറ്റത്ത്‌ ഒരു വെളുത്ത കടലാസ് പോലെ എന്തോ ഒന്ന് പറക്കുന്നു. ഞാൻ അമ്മാവന്റെ കൈ വിട്ടു ഓടി പോയി അതെടുത്തു.. വളരെ മനോഹരമായ ഒരു തൂവാല പോലെ,തൊടാൻ നല്ല രസമുണ്ട്, ഭാരം തീരെ ഇല്ല...! അപ്പൂപ്പൻതാടി പോലെ,  മിനുസമുള്ള കണ്ണാടി പോലെ, കണ്ണിനു മുൻപിൽ വെച്ചു അപ്പുറം നോക്കിയാൽ കാഴ്ചകൾ അതിമനോഹരം ,എന്താണ് സാധനം എന്ന് മാത്രം എനിക്ക് മനസ്സിലായില്ല. സംഗതി എന്തായാലും അതെനിക്ക് വളരെ ഇഷ്ടമായി. ഞാൻ അത് എന്റെ നിക്കറിന്റെ കീശയിലിട്ടു കൂടെ കൂടെ തപ്പി തപ്പി നോക്കി, കളഞ്ഞു  പോകരുതല്ലോ ??  പീ പീ യെക്കാളും കാറ്റാടിയെക്കളും കാലിടോസ്കൊപ്പിനെക്കാലും ഉല്‍ക്കൃഷ്ടമായ സമ്മാനമാണ് അന്നെനിക്ക് കിട്ടിയത്. അന്ന് നേരം വെളുക്കുന്നത്‌ വരെ ഞാൻ അവനോടു  കിന്നാരം പറഞ്ഞു... വെടിക്കെട്ടും പൂത്തിരിയുമെല്ലാം ഞാൻ അവനിലൂടെ കണ്ടു.. ആ മനോഹാര്യത ഇന്നും എന്റെ കണ്ണിൽ ഉണ്ട്. മറ്റെന്തു ഉപേക്ഷിക്കേണ്ടിവന്നാലും അവനെ ഉപേക്ഷിക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു... ഞാൻ അവനെ വീട്ടിൽ കൊണ്ട് വന്നു സൂക്ഷിച്ചു,  കൂട്ടുകാരെയും അച്ഛനെയും അമ്മയെയും ആരെയും കാണിക്കാതെ രഹസ്യമായ് ലാളിച്ചു, എന്നാൽ ഇന്ന് അവനെന്നെ ചതിക്കുന്നു എന്നെ മാത്രമല്ല എല്ലാവരെയും. എങ്കിലും ഇപ്പോൾ അൻപത്തിരണ്ടു വർഷങ്ങളായി ഞാൻ അവനെ സൂക്ഷിക്കുന്നു, എന്റെ ഓർമ്മയിലെ ആദ്യത്തെ കളിപ്പാട്ടം..
കുഞ്ഞി കുട്ടികൾ മുത്തശ്ശി കഥ കേൾക്കുന്നത് പോലെ ഞാനും ശങ്കരനും അദ്ദേഹത്തിന്റെ കഥ കേട്ടുകൊണ്ടിരുന്നു...
അദ്ദേഹം നിർത്തിയ മാത്രയിൽ ഞാൻ ചോദിച്ചു എന്താ ആ സാധനം” ?
 ഏയ് അങ്ങനെ വല്ല്യ കാര്യമൊന്നുമില്ല കസേരയിലിരുന്നു കൈ നീട്ടി ദൂരെ നിന്ന് ഒരു ചെല്ലം എടുത്തു, എന്റെ നേർക്കു നീട്ടി, ” ഇതാ ഇതിൽ ഉണ്ട്
വരളെ ആകാംഷയോടുകൂടി ഞാൻ അതു തുറക്കാനൊരുങ്ങി, തുറക്കട്ടെ??”
“mmm നോയ്ക്കോളൂമറുപടി.
ഞാൻ അതു തുറന്നു, വളരെ ശ്രേദ്ധയോട് കൂടി അദ്ധേഹത്തിന്റെ വിലപ്പെട്ട നിധി പുറത്തെടുത്തു.. ശരിയാണ് നല്ല മിനുസമുള്ള അത്യാകാംക്ഷ... ഞാൻ അത് പുറത്തെടുത്തു അദ്ധേഹത്തിന്റെ പ്രിയപ്പെട്ട സുഹൃത്ത് മറ്റൊന്നുമല്ല, അതാണ്‌ ഇന്നത്തെ പ്ലാസ്റ്റിക്‌.!
 ഇന്ന് ലോകം നേരിടുന്ന പ്രശ്നങ്ങളിൽ ഏറ്റവും ഭീകരം, എങ്കിലും ആർക്കും ഒഴിച്ചു കൂടാനാകാത്ത സാധനം.
അദ്ദേഹത്തിനും അതുപോലെ തന്നെ. അതുകൊണ്ടാണല്ലോ അൻപത്തിരണ്ടു വർഷങ്ങളായിട്ടും അത് ഇവിടെ ചെല്ലത്തിൽ നഷ്ട്ടപ്പെടുത്താതെ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നത്.
കളിപ്പാട്ടങ്ങളും generation gap ഉം എന്താണെന്ന് എനിക്ക് നന്നായി വ്യക്തമായി. എനിക്ക് അദ്ദേഹത്തോട് എന്ത് പറണയം എന്നറിയാതെയായി. ചെല്ലം ഞാൻ ശങ്കരന് കൈമാറി ശങ്കരൻ നേരത്തെ കണ്ടിട്ടുണ്ട്, ചെല്ലം വാങ്ങി എടുത്തടുത്ത് വച്ചു. ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് കാലഘട്ടത്തിൽ ജീവിച്ചതു കൊണ്ടോ അതോ നിഷ്കളങ്കമായ കഥ കേട്ടതുകൊണ്ടോ എന്തോ എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നി. ജീവിതങ്ങളിലെ വൈവിധ്യങ്ങളെ പറ്റി ഞാൻ ആലോചിച്ചു തുടങ്ങി. എല്ലാം കഴിഞ്ഞു, ശുഭരാത്രിയും നേർന്നു എഴുത്ത് കുത്തിനായി ശങ്കരന്റെ മുറിയിലേക്ക് പോകുമ്പോൾ അദ്ദേഹം പിന്നിൽ നിന്ന് വിളിച്ചു.
ഞാൻ തിരിഞ്ഞു നോക്കി...
അദ്ദേഹം പറഞ്ഞു " ഇഷ്ട്ടായോ കഥ ?"  ഞാൻ മൂളി
അപ്പോൾ അദ്ദേഹം എന്നോട് ചിരിച്ചു കൊണ്ട് ചോദിച്ചു വില്ലന്റെ രംഗപ്രവേശനം അങ്ങനെയാക്കിക്കൂടെ കൂടെ ??! എന്തായാലും നേരം ഒരുപാട് വൈകി, കിടക്കൂ.. ക്ഷീണം കാണും, നാളെ സംസാരിക്കാം
അദ്ദേഹം തിരിഞ്ഞു നടന്നു.
ശങ്കരൻ മുറിക്കുള്ളിൽ ശയ്യയോരുക്കുന്നു.
ഗൗരവതരമായതും യഥാര്‍ത്ഥമായതുമായ കർഷകനെ കണ്ട അന്ധാളിപ്പിൽ ഒരു നിമിഷം ഞാൻ നിന്ന് പോയി.

ശരിയാണ് സമയം രാത്രി 2.30 ആയിരിക്കുന്നു. ക്ഷീണം തട്ടി തുടങ്ങി. ഉറക്കം ശരീരത്തിന്റെ വാതിൽക്കൽ എത്തി,  ഞാൻ അറിയിക്കാതെ തന്നെ അത് ഉള്ളിലേക്ക് ചുവടുവെച്ചു കേറുമ്പോൾ, എനിക്ക് കാണാം എന്റെ മനസ്സിന്റെ തരിശ്ശു ഭൂമിയിൽ ഞാൻ കുത്തി മുളപ്പിച്ച കുട്ടിത്തൈ അതാ വളർന്നു പന്തലിച്ചു കായ്ച്ചിരിക്കുന്നു. അവകാശം പറയാം അദ്ദേഹം വരില്ലെങ്കിലും വില്ലന്റെ രംഗപ്രവേശനത്തിനു സ്തുത്യര്‍ഹമായ വ്യക്തി അദ്ദേഹം തന്നെ. അങ്ങനെ ഒരു വില്ലന്റെ രംഗപ്രവേശനം സമ്മാനിച്ച്‌  നായകൻ എന്റെ ജീവിതത്തിൽ രംഗപ്രവേശനം ചെയ്തു…

Comments

Post a Comment